സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് (85) അന്തരിച്ചു. ഇന്നലെ ഗുരുഗ്രാമിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഗുജറാത്തിൽ ജനിച്ച മേഘ്‌നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജരിൽ ഒരാളാണ്. 1965 മുതൽ 2003 വരെ അദ്ദേഹം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു. പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസർ ഓഫ് ഇക്കണോമിക്സ് ആകുകയും ചെയ്തു.
1992ൽ മേഘ്‌നാഥ് ദേശായ് എൽഎസ്ഇയിൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ഗവർണൻസ് സ്ഥാപിച്ചു. എൽഎസ്ഇയുടെ ഡവലപ്‌മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയിൽ ഒരു ക്രോസ്ബെഞ്ച് പിയർ ആയി.
2008ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മേഘ്നാഥ് ദേശായിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.

