യുഎഇയിൽ വാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം. 2017 മുതൽ നിലവിലുള്ള ഈ നിയമം പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും, ഇത് ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. യുഎഇയിലെ ട്രാഫിക് നിയമമനുസരിച്ച്, വാഹനത്തിലെ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഡ്രൈവർക്കാണ്. അതുകൊണ്ട്, പിൻസീറ്റിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ ചുമത്തപ്പെടുന്നത് ഡ്രൈവർക്കായിരിക്കും. കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 44,018 പേർക്ക് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ വീണ്ടും ഓർമിപ്പിക്കാൻ അധികൃതർ തയ്യാറായത്.
വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിനുള്ളിൽ ക്രമീകരിക്കണമെന്നും യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നു.അടുത്തിടെ യുഎഇയിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പുറത്തുവന്നത്. 20% ഡ്രൈവർമാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെന്ന് പഠനം പറയുന്നു. ഇതിലും ആശങ്കാജനകമായ കാര്യം, പിൻസീറ്റിൽ യാത്ര ചെയ്യുന്നവരിൽ 50%ത്തിലധികം പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാൻ താൽപ്പര്യമില്ല എന്നതാണ്. എന്നാൽ, സീറ്റ് ബെൽറ്റുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന മറ്റൊരു പഠനം പറയുന്നത്, യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചത് കാരണം പ്രായപൂർത്തിയായവരിൽ 40% മുതൽ 60% വരെ ആളുകളുടെ ജീവൻ രക്ഷിക്കാനായി എന്നാണ്.
അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും എല്ലാ ഡ്രൈവർമാരും യാത്രക്കാരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ അഭ്യർത്ഥിച്ചു.

