ഓൺലൈനായി വോട്ടുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ അസാധ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് അനുകൂല വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് കമ്മീഷന്റെ പ്രതികരണം. ലോക്സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് കമ്മീഷൻ അറിയിച്ചു.
ഒരു വോട്ടർ പട്ടികയിൽ നിന്നും ഒരു വോട്ടും ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ല. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയുടെ ഭാഗം കേൾക്കുമെന്ന് കമ്മീഷൻ വിശദീകരിച്ചു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 2023-ൽ വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നതായി കമ്മീഷൻ സ്ഥിരീകരിച്ചു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. ഈ സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
2023-ലെ കർണാടക തിരഞ്ഞെടുപ്പിൽ അലന്ദ് മണ്ഡലത്തിലെ 6,018 കോൺഗ്രസ് അനുകൂല വോട്ടർമാരെ മനഃപൂർവ്വം പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് രാഹുൽ ഗാന്ധി ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഈ ‘വോട്ട് കൊള്ള’യ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഈ ആരോപണങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞത്.

