Headlines

കോടതിയുടെ രൂക്ഷ വിമർശനം; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്ന് ജാമ്യത്തിനായുള്ള അപേക്ഷ കോടതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ ഈ പിന്മാറ്റം. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. 

രാഹുൽ ഈശ്വറിനെതിരെ കോടതിയും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. രാഹുലിന്റെ നിരാഹാരം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് അന്വേഷണത്തെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണെന്നും കോടതി വിമർശിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള രാഹുലിന്റെ തീരുമാനം.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതിന് ശേഷം അദ്ദേഹം ജയിലിൽ നിരാഹാര സമരം തുടങ്ങിയിരുന്നു.

രാഹുൽ ഈശ്വർ നൽകിയ ജാമ്യ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് തള്ളി. ഇരകളെ അവഹേളിച്ച് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്നും, ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് കോടതി അപേക്ഷ തള്ളിയത്.

Leave a Reply