ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.
2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.
കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം
2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നും പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സമ്പന്നമായ കലാജീവിതംകൊണ്ട് മലയാള സിനിമയുടേയും നാടകവേദിയുടേയും വഴികാട്ടിയായി അദ്ദേഹം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമാപരമായ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് തുടര്‍ന്നും പ്രചോദനമാകട്ടേയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും മോഹൻ ലാലിനെ അഭിനന്ദിച്ചു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണെന്നും നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവുമാണ്. നിങ്ങളാണ് ഈ കിരീടത്തിന് ശരിക്കും അർഹനെന്നും മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്‍ മോഹന്‍ ലാല്‍. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും അവര്‍ഡ് സമര്‍പ്പിക്കുകയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്‍മെന്റിനും നന്ദി അറിയിക്കുകയാണ്.
എത്രയെ വലിയ ആളുകള്‍ നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്‍ കഴിയുക. അതിലേക്ക് നമ്മളെ നയിക്കുക എന്ന് പറയുന്നത് ദൈവനുഗ്രഹമാണ്. മലയാള സിനിമക്ക് ഇത് വലിയ അംഗീകരമായി കാണുന്നു എന്നും മോഹൻ ലാൽ പറഞ്ഞു .

