Headlines

ദുബായിൽ ഐ ഫോൺ 17 തരംഗം

യുഎഇ യിൽ പുതിയ ഐഫോൺ 17, ഐഫോൺ എയർ എന്നിവയുടെ പ്രീ-ഓർഡർ വിൽപ്പന ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ഉപഭോക്താക്കളുടെ ചെറുതല്ലാത്ത ക്യൂ ഉണ്ടായിരുന്നു . മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു .ഓരോ ഉപഭോക്താവിനും പ്രീ-ഓർഡർ ചെയ്യുന്നതിനുള്ള സമയം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ് ഇതിന് സഹായകമായത്.

ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഫോണുകളാണ് ഐഫോൺ 17 സീരീസ്. കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് കാമ്പസിൽ നടന്ന ‘Awe Dropping’ എന്ന പ്രത്യേക ഇവന്റിലാണ് പുതിയ മോഡലുകൾ ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, കൂടാതെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയർ എന്നിവയാണ് ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുകൾ, വേറിട്ട മോഡലുകൾ

പുതിയ ഐഫോൺ എയർ മോഡലാണ് ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം. 5.6 മില്ലിമീറ്റർ കനമുള്ള, ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് ഐഫോൺ എയർ. എങ്കിലും, A19 Pro ചിപ്പ് നൽകുന്ന മികച്ച പ്രകടനം ഈ ഫോണിന് കൂടുതൽ കരുത്ത് നൽകുന്നു. 48 മെഗാപിക്സൽ പ്രധാന ക്യാമറയും, സെൽഫികൾക്കായി 18 മെഗാപിക്സലിന്റെ ‘സെന്റർ സ്റ്റേജ്’ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

അതേസമയം, ഐഫോൺ 17-ൽ മുൻ മോഡലുകളിൽ പ്രോ മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന 120Hz പ്രോമോഷൻ ഡിസ്‌പ്ലേ, 48 മെഗാപിക്സൽ മെയിൻ ക്യാമറ, 18 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ A19 ബയോണിക് ചിപ്പ്, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, കൂടാതെ Apple Intelligence ഫീച്ചറുകളോടുകൂടിയ iOS 26 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ടെലികോം കമ്പനികളുടെ ആകർഷക ഓഫറുകൾ


യുഎഇയിലെ പ്രമുഖ ടെലികോം കമ്പനികളായ എത്തിസലാത്തും ഡുവും പുതിയ ഐഫോണുകൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 24 മാസം വരെ തവണകളായി തുക അടച്ചുതീർക്കാൻ സാധിക്കുന്ന പ്ലാനുകളാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. ചില പ്ലാനുകൾക്ക് മുൻകൂർ തുക നൽകേണ്ടതില്ല. കൂടാതെ, പഴയ ഐഫോണുകൾ മാറ്റി പുതിയ മോഡൽ വാങ്ങുന്നവർക്ക് 3,500 ദിർഹം വരെ ലാഭം നേടാവുന്ന ട്രേഡ്-ഇൻ ഓഫറുകളും ലഭ്യമാണ്.


പുതിയ മോഡലുകൾ സ്വന്തമാക്കുന്നതിനായി യുഎഇയിലെ പ്രവാസികൾ വലിയ ആവേശത്തിലാണ്. ചില റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ ഫോൺ സ്വന്തമാക്കുന്നതിനായി ഇരട്ടി വില നൽകാൻ പോലും പലരും തയ്യാറാണ്. പുതിയ മോഡലിന്റെ വില ഐഫോൺ 17-ന് 3,399 ദിർഹം മുതലും ഐഫോൺ എയറിന് 4,299 ദിർഹം മുതലുമാണ് ആരംഭിക്കുന്നത്.

Leave a Reply