ഹരിയാനയിൽ വനിതാ ടെന്നീസ് താരത്തെ വെടിവെച്ച് കൊന്നത് നാട്ടുകാരുടെ പരിഹാസം കാരണമാണെന്ന പിതാവിന്റെ വാദം വിശ്വസനീയമല്ലെന്ന് ഹരിയാന പൊലീസ്. ടെന്നീസ് താരമായ രാധികാ യാദവിനെ കൊലപ്പെടുത്തിയത് നാട്ടുകാർ താൻ മകളുടെ ചിലവിൽ ജീവിക്കുന്നുവെന്ന് പരിഹസിച്ചതിന്റെ പേരിലാണെന്ന് പിതാവ് ദീപക് യാദവ് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ദീപക്കിന്റെ പ്രതിമാസ വരുമാനം തന്നെ ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ലക്ഷങ്ങൾ വരുമാനമുളളയാളെ മകളുടെ വരുമാനത്തിന്റെ പേരിൽ ആരാണ് കളിയാക്കുകയെന്ന് പൊലീസ് ചോദിച്ചു. ദീപക് ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുളളയാളാണെന്നും പൊലീസ് വ്യക്തമാക്കി.
‘തോളിന് പരിക്കേറ്റ മകൾക്ക് ട്രെയിനറാകാൻ ദീപക് അനുമതി നൽകിയിരുന്നു. ദീപക്കിന് ദേഷ്യം കൂടുതലാണ്. അയാൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ ദേഷ്യം മുഴുവൻ ഭാര്യയോടും മക്കളോടും തീർക്കുന്ന സ്വഭാവക്കാരനാണ്. പരിക്കേറ്റതിനുശേഷം രാധിക അക്കാദമിയിലെത്തി കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുമായിരുന്നു. ഒരിക്കൽപോലും ദീപക് അക്കാദമി സന്ദർശിച്ചിട്ടില്ലെന്ന് അക്കാദമിയിലെ ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്’- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്കാദമി അടച്ചുപൂട്ടാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മകൾ അനുസരിച്ചില്ലെന്നും ആ ദേഷ്യത്തിലാണ് വെടിവച്ചതെന്നും ദീപക് പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നുണ്ട്.
അതേസമയം രാധികാ യാദവിന്റെ മാതാവായ മഞ്ജു യാദവിന് അറിവുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്താനും പോലീസ് നീക്കമുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നയാളാണ് മഞ്ജു. എന്നാൽ മഞ്ജു യാദവ് പോലീസിന് കൃത്യമായ മൊഴി നൽകാൻ തയ്യാറായിട്ടില്ല. സംഭവം നടക്കുമ്പോൾ മഞ്ജു വീട്ടിലുണ്ടായിരുന്നു. എന്നാൽ തനിക്ക് പനിയായിരുന്നുവെന്നും ഒന്നും കണ്ടിട്ടില്ലെന്നുമാണ് അവർ പോലീസിനോട് പറഞ്ഞത്. പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മഞ്ജുവിന് കൊലപാതകത്തെക്കുറിച്ച് നേരത്തേ അറിവുണ്ടോ എന്നതിൽ പ്രതിയായ ദീപക് യാദവും വ്യക്തമായി പ്രതികരിച്ചിട്ടില്ല.ആ പശ്ചാത്തലത്തിൽ മഞ്ജുവിനും അറിവുണ്ടായിരുന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ദീപക് യാദവിന്റെ ഒരു ദിവസത്തെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് രാധികയെ സ്വന്തം വീട്ടിൽവെച്ച് ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ച് തവണയാണ് ഇയാൾ വെടിവെച്ചത്. മൂന്ന് ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ കൊണ്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തി യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ പണത്തിൽ ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസവും, അക്കാദമി അടച്ചുപൂട്ടാൻ മകൾ വിസമ്മതിച്ചതുമാണ് കൊലയ്ക്ക് കാരണമെന്ന് ദീപക് യാദവ് പൊലീസിനോട് പറഞ്ഞിരുന്നു.

