ഖത്തർ വിസ സെന്ററിലെ കണ്ണ് പരിശോധന ട്രാഫിക് സിസ്റ്റവുമായി ബന്ധിപ്പിച്ചു
ഡ്രൈവർമാരായി ഖത്തറിൽ ജോലിക്കെത്തുന്ന വിദേശികൾ സ്വന്തം നാട്ടിലെ ഖത്തർ വിസ സെന്ററുകളിൽ കണ്ണുപരിശോധന നടത്തിയിട്ടുണ്ടെങ്കിൽ ഖത്തറിലെത്തിയാൽ വീണ്ടും പരിശോധന നടത്തേണ്ടതില്ല. വിവിധ രാജ്യങ്ങളിലെ ഖത്തർ വിസ സെന്ററുകളിലെ നേത്ര പരിശോധന ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ലൈസൻസിങ് സംവിധാനവുമായി ബന്ധപ്പെടുത്തിയതോടെയാണ് ഇത് സാധ്യമായത്.
ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. വിദേശികളെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ എളുപ്പവും കാര്യക്ഷമവുമാക്കാനാണ് വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സെന്റർ സ്ഥാപിച്ചത്. കൊച്ചിയിലടക്കം ഇന്ത്യയിൽ ഏഴ് ഖത്തർ വിസ സെന്ററുണ്ട്. ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ് ഓരോ വിദേശ രാജ്യത്തെയും ക്യു.വി.സികൾ നടത്തുന്നത്.
തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവരശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ വിദേശത്തുതന്നെ നടത്തുന്നു.