കടുത്ത സാമ്പത്തിക പ്രതിസന്ധി ; ലബനീസ് സൈന്യത്തിന് ഖത്തറിന്റെ സാമ്പത്തിക സഹായം
ലബനാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സൈന്യത്തിന് ഖത്തറിന്റെ സാമ്പത്തിക സഹായം. ഖത്തറിന്റെ രണ്ട് കോടി ഡോളർ സഹായം ലഭിച്ചതായി ലബനീസ് സൈന്യം സ്ഥിരീകരിച്ചു. കടുത്ത പ്രതിസന്ധിയുടെ സാഹചര്യത്തിൽ ലബനാൻ സൈന്യത്തിന് ഖത്തർ 2022ൽ ആറ് കോടി ഡോളർ സഹായ വാഗ്ദാനം നൽകിയിരുന്നു. 2019ലെ സാമ്പത്തിക പ്രതിസന്ധിയിൽ ലബനീസ് കറൻസിയുടെ മൂല്യം 95 ശതമാനം ഇടിഞ്ഞു. 2020ൽ ബൈറൂത് തുറമുഖത്തിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം ഇനിയും പൂർണമായി മുക്തമായിട്ടില്ല. മേയ് മാസത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ലബനാൻ സൈനിക മേധാവി ജനറൽ ജോസഫ് ഔനുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ലബനാൻ സൈന്യത്തിന് ഖത്തറിന്റെ പിന്തുണ ആവർത്തിച്ചിരുന്നു.