അറബ് റേഡിയോ ആൻഡ് ടി.വി ഫെസ്റ്റ് ; ഡോക്യുമെന്ററി പുരസ്കാരം ഖത്തറിന്
‘പലസ്തീന് പിന്തുണ’പ്രമേയത്തിൽ തുനീഷ്യയിലെ തൂനിസിൽ നടന്ന 24-മത് അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ ഖത്തർ മീഡിയ കോർപറേഷൻ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. ‘ഖത്തറിലെ മ്യൂസിയങ്ങൾ’ തലക്കെട്ടിൽ ഖത്തർ ടി.വി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഒന്നാം സമ്മാനം നേടി. പ്രോഗ്രാം എക്സ്ചേഞ്ചസ് ഓഫ് 2023 വിഭാഗത്തിൽ ഖത്തർ ടി.വി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ‘ശ്രദ്ധേയരായ അറബ് വ്യക്തികൾ’ വിഭാഗത്തിൽ ഖത്തർ റേഡിയോ രണ്ടാം സമ്മാനം നേടി. ‘യുദ്ധം മാധ്യമങ്ങളിൽ: ഫലസ്തീൻ ഒരു ഉദാഹരണം’ തലക്കെട്ടിൽ സെമിനാർ നടന്നു. അറബ് മേഖലയിലെ റേഡിയോ, ടി.വി പരിപാടികളുടെ നിലവാരം ഉയർത്താനും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഫെസ്റ്റിവൽ നടത്തുന്നത്. ശിൽപശാലകളും വിവിധ വിഭാഗങ്ങളിൽ പുരസ്കാര വിതരണവും ശ്രദ്ധേയരായ മാധ്യമപ്രവർത്തകരെ ആദരിക്കലും പരിപാടിയുടെ ഭാഗമാണ്. റേഡിയോ, ടെലിവിഷൻ നിർമാണത്തിലെ നൂതന പ്രവണതകൾ തിരിച്ചറിയാനും വികസിപ്പിക്കാനും പ്രതിഭകളെ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.