മുന്നൂറ് മീറ്ററോളം ഉയരത്തിൽ ദോഹയുടെ തലയെടുപ്പായി ഉയർന്നുനിൽക്കുന്ന ആസ്പയറിലെ ടോർച്ച് ടവറിനെ തേടി മറ്റൊരു ഗിന്നസ് റെക്കോഡ് നേട്ടം കൂടി. ലോകത്തെ ഏറ്റവും ഉയരത്തിൽ ജിംനേഷ്യം എന്ന റെക്കോഡ് ടോർച്ച് ദോഹക്ക് മാത്രം അവകാശപ്പെട്ടത്. ആകാശത്തോളം ഉയരെ നിൽക്കുന്ന ടോർച്ച് ടവറിലെ 50, 51 നിലകളിലായാണ് ടോർച്ച് ക്ലബ് ജിംനേഷ്യത്തിന് തുടക്കം കുറിച്ചത്. ഒരു കെട്ടിടത്തിൽ ഏറ്റവും ഉയരത്തിൽ പ്രവർത്തിക്കുന്ന ജിംനേഷ്യം എന്ന റെക്കോഡാണ് ഇതോടെ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതരിൽനിന്ന് ടോർട്ട് ഹോസ്പിറ്റാലിറ്റി ഭാരവാഹികൾ ഗിന്നസ് പുരസ്‌കാരം ഏറ്റുവാങ്ങി. 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിൽ 247ാം മീറ്റർ ഉയരത്തിലാണ് ജിംനേഷ്യം പ്രവർത്തിക്കുന്നത്. ഏറ്റവും ഉയരെ മനോഹരമായ നഗര ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് വ്യായാമം ചെയ്യാൻ കഴിയും വിധമാണ് ടോർച്ച് ടവർ കെട്ടിടത്തിലെ പുതിയ ജിംനേഷ്യം സജ്ജമാക്കിയത്. ഗിന്നസിലെ ഏറ്റവും പുതിയ റെക്കോഡ് വിഭാഗമായാണ് ടോർച്ച് ടവറിന്റെ നേട്ടത്തെ അടയാളപ്പെടുത്തുന്നതെന്ന് ഗിന്നസ് നിരീക്ഷകനായ കിൻസി അൽ ദിഫ്രാവി പറഞ്ഞു.
ടോർച്ച് ടവർ 50, 51 നിലകളിലായി സജ്ജമാക്കിയ ജിംനേഷ്യം
എല്ലാ ലോക റെക്കോഡ് ഘടകങ്ങളും കൃത്യമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ടോർച്ച് ക്ലബ് ജിംനേഷ്യം റെക്കോഡ് പുസ്തകത്തിൽ ഉൽപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ കെട്ടിടത്തിന് പുറത്തായി സജ്ജമാക്കിയ ഏറ്റവും വലിയ 360 ഡിഗ്രി കാഴ്ചയുള്ള സ്‌ക്രീനിന്റെ റെക്കോഡും ടോർച്ച് ടവറിന് സ്വന്തമായുണ്ട്. ദി ടോർച്ച് ഹോസ്പിറ്റാലിറ്റി ഏരിയ ജനറൽ മാനേജർ വാഇൽ അൽ ഷരിഫ്, ആസ്പയർ സോൺ ആക്ടിങ് സി.ഇ.ഒ അബ്ദുല്ല നാസർ അൽ നഇമി എന്നിവർ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

