ഖത്തറിലെ ലെഅ്ബൈബ് ഹെൽത്ത് സെന്ററിൽ ഇനി 24 മണിക്കൂറും സേവനം
ലെഅ്ബൈബ് ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കിയതായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. ഇവിടെ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണം ലഭിക്കും. ഖത്തറിലുടനീളം അടിയന്തര പരിചരണ സേവനങ്ങൾ വിപുലീകരിക്കാൻ പി.എച്ച്.സി.സിക്ക് പദ്ധതിയുണ്ട്. 12 ആരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾ മുതിർന്നവർക്കായി മുഴുവൻ സമയം അടിയന്തര സേവനം നടത്തുന്നു. ആറ് കേന്ദ്രങ്ങളിൽ ശിശുരോഗികൾക്കും 24 മണിക്കൂറും സേവനം നൽകിവരുന്നു.
അൽ റുവൈസ്, ഉംസലാൽ, മുഐതിർ, അൽ മഷാഫ്, അൽ സദ്ദ്, ലെഅ്ബൈബ് എന്നിവിടങ്ങളിൽ മുതിർന്നവർക്കും കുട്ടികൾക്കും ഗരാഫത്ത് അൽ റയ്യാൻ, അൽ ഷീഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരീന എന്നിവിടങ്ങളിൽ മുതിർന്നവർക്ക് മാത്രമായും 24 മണിക്കൂറും അടിയന്തര പരിചരണം നൽകുമെന്ന് അധികൃതർ അറിയിച്ചു.