സ്റ്റാർലിങ്ക് ഇന്റർനെറ്റ് വൈഫൈയുമായി ഖത്തർ എയർവേസ്; 35,000 അടി ഉയരത്തിലും അതിവേഗ വൈഫൈ

ഭൗമോപരിതലവും വിട്ട്, 35,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിൽനിന്നും ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിലൂടെ ഇന്റർനെറ്റ് വൈഫൈ ബന്ധം സ്ഥാപിച്ചു. ദോഹയിൽനിന്നും ലണ്ടനിലേക്ക് പാഞ്ഞ വിമാനത്തിൽ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീറും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ഖർജിയും ഒപ്പം ന്യൂയോർക്കിലെ വീട്ടിൽനിന്നും ഇലോൺ മസ്‌കും തത്സമയം പങ്കുചേർന്നു.

മൂവരും സംസാരിക്കുന്ന വിഡിയോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഖത്തർ എയർവേസ് തങ്ങളുടെ ചരിത്രനേട്ടം പങ്കുവെച്ച വാർത്തക്കുറിപ്പ് ആകാശ ഉയരത്തിൽനിന്നും പുറത്തു വിട്ടത്. ഈ വർഷം ആദ്യം നടത്തിയ പ്രഖ്യാപനത്തിനു പിറകെയാണ് ഖത്തർ എയർവേസ് വിമാനങ്ങളിൽ വൈഫൈ സേവനം ലഭ്യമാക്കിത്തുടങ്ങിയത്. പ്രത്യേകം തയാറാക്കിയാണ് ബോയിങ് വിമാനങ്ങൾ സ്റ്റാർലിങ്കുമായി ബന്ധിപ്പിച്ച് ആകാശത്തിലും ഇന്റർനെറ്റ് സേവനം നൽകുന്നത്. ബോയിങ് 777 മൂന്ന് വിമാനങ്ങളിലാണ് നിലവിൽ സ്റ്റാർലിങ്ക് വൈഫൈ സേവനമുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 12 വിമാനങ്ങളിൽ ലഭ്യമാകും.

അടുത്തവർഷം അവസാനത്തോടെ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ലഭ്യമാകും. എയർബസ് എ350 വിമാനങ്ങൾ അടുത്തവർഷം വേനൽകാലത്തിന് മുമ്പ് വൈഫൈ ശൃംഖലയിലേക്ക് മാറും. ലോകത്തെ ഏറ്റവും മികച്ച എയർലൈനായി സ്‌കൈട്രാക്‌സിന്റെ നിരവധി പുരസ്‌കാരങ്ങൾ ഇതിനകം സ്വന്തമാക്കിയ ഖത്തർ എയർവേസിനെ വീണ്ടും മികച്ചതാക്കി മാറ്റുന്നതാണ് പുതിയ ചുവടുവെപ്പ്. സ്റ്റാർലിങ്ക് കണക്ട് ചെയ്ത ആദ്യ ബോയിങ് വൈഡ് ബോഡി വിമാനം, ഖത്തർ എയർവേസിന്റെ ആദ്യ സ്റ്റാർലിങ്ക് യാത്രാവിമാനം, മിന മേഖലയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ലഭ്യമാക്കിയ ആദ്യത്തേയും, ലോകത്തിലെ ഏറ്റവും വലുതുമായ യാത്രാ വിമാനം തുടങ്ങിയ റെക്കോഡുകളും ഒരു ചുവടുവെപ്പിലൂടെ ഖത്തർ എയർവേസ് തങ്ങളുടേതാക്കി മാറ്റി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply