സ്കൂൾ വിദ്യാർഥികളുടെ യാത്രയും വൈദ്യുതീകരിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഖത്തറിൽ ആദ്യ ഇലക്ട്രിക് സ്കൂൾ ബസ് പുറത്തിറക്കി. ചൊവ്വാഴ്ച ആരംഭിച്ച ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി എന്നിവരാണ് ആദ്യ ഇലക്ട്രിക് സ്കൂൾ ബസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2030ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുക എന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് സ്കൂൾ ബസുകൾ നിരത്തിലിറക്കുന്നത്.
വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ഇ മൊബിലിറ്റി ഗതാഗത സംവിധാനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മുവാസലാത്ത് (കർവ) നേതൃത്വത്തിൽ ഈ അധ്യയന വർഷം ഇ-ബസുകൾ പരീക്ഷണ ഓട്ടത്തിന് വിധേയമാക്കും. കാർബൺ ബഹിർഗമനം കുറക്കുന്ന സുസ്ഥിരത പദ്ധതികൾ പുതിയ തലമുറയിലേക്ക് പകരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉൾക്കൊള്ളിച്ചാണ് ബസുകൾ നിർമിച്ചിരിക്കുന്നത്. ബസുകൾ ലക്ഷ്യസ്ഥാനത്തെത്തിയാൽ വിദ്യാർഥികൾ ആരും അകത്തില്ലെന്ന് ഡ്രൈവർക്ക് എളുപ്പത്തിൽ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ, ബസിനകത്തും പുറത്തും നിരീക്ഷണ കാമറ, സുരക്ഷിതമായ സീറ്റുകൾ, എമർജൻസി എക്സിറ്റ്, ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തമായ കാണാൻ കഴിയുന്ന സൗകര്യം എന്നിവ സവിശേഷതകളാണ്. എല്ലാ ബസിലും ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, എ.സി, സെൻസറിൽ പ്രവർത്തിക്കുന്ന ഡോറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, എൻജിൻ സെൻസർ, പുറത്തെ സെൻസർ, ജി.പി.എസ്, ഡ്രൈവറുടെ മികവ് വിലയിരുത്താനുള്ള സംവിധാനം എന്നിവയും ഉൾപ്പെടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

