മലിന ജലം സംസ്കരിച്ച് കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വിധത്തിൽ സംഭരിക്കുന്ന അഷ്ഗാലിന്റെ ഡിലൈൻ പമ്പിങ് സ്റ്റേഷൻ പദ്ധതികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റിൽനിന്നുള്ള സംസ്കരിച്ച മലിനജലം നുഐജ ഏരിയയിലെ സീസണൽ സ്റ്റോറേജ് ലഗൂണുകളിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് അതിവേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായി സംസ്കരിച്ച മലിനജലം ഉപയോഗപ്പെടുത്തുന്നതിനും ജലസ്രോതസ്സുകളുടെ കാര്യക്ഷമവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ് വർക്ക് പദ്ധതി വിഭാഗത്തിലെ ട്രീറ്റ്മെന്റ് പ്ലാന്റ്, ട്രീറ്റഡ് വാട്ടർ നെറ്റ്വർക്ക് സെക്ഷൻ തലവൻ എൻജി. അബ്ദുറഹ്മാൻ മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.
ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പദ്ധതിയിലൂടെ 2030ഓടെ സംസ്കരിച്ച മലിനജലത്തിന്റെ 100 ശതമാനം പുനരുപയോഗമാണ് ലക്ഷ്യമെന്നും അൽ സുലൈത്തി കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്കരിച്ച മലിനജലം പുനരുപയോഗിക്കുന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അഷ്ഗാൽ മുന്നോട്ട് നീങ്ങുന്നത്. പദ്ധതിയിലൂടെ ഏകദേശം 22.5 ദശലക്ഷം ക്യൂബിക് മീറ്റർ ജലം പമ്പ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈത്യകാലങ്ങളിൽ മിച്ചമുള്ള ജലം സംഭരിച്ച് സംസ്കരിച്ച മലിനജലത്തിന്റെ കമ്മിയും മിച്ചവും സന്തുലിതമാക്കാനും പദ്ധതി സഹായിക്കുമെന്നും ഇതിലൂടെ വേനലിൽ കൂടുതൽ ജലസേചനം നടത്താനും ഭൂഗർഭ ജലത്തിന്റെ ഉപയോഗം കുറക്കാനും സാധിക്കുമെന്നും േപ്രാജക്ട് മാനേജർ വലീദ് അൽ ഗൗൽ പറഞ്ഞു.
വേനലിൽ ഗദീർ ഫീഡ് ഫാമുകൾക്ക് ജലം നൽകാനും ഡി-ലൈൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും അൽ റഖിയയിലെ ഹസാദ് ഫാമുകൾപോലുള്ള അധിക ഫീഡ് ഫാമുകളുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാനും ഇത് സഹായിക്കുമെന്നും വലീദ് അൽ ഗൗൽ കൂട്ടിച്ചേർത്തു. 65 കിലോമീറ്റർ നീളമുള്ള ടി.എസ്.ഇ ട്രാൻസ്മിഷൻ പൈപ്പ്ലൈൻ കൂടി ഉൾപ്പെടുന്നതാണ് ടി.എസ്.ഇ പമ്പിങ് സ്റ്റേഷൻ ആൻഡ് ട്രാൻസ്മിഷൻ മെയിൻ പദ്ധതിയെന്നറിയപ്പെടുന്ന ഡി-ലൈൻ പദ്ധതി.
ഭൂമിക്കടിയിൽ ഏകദേശം 2.5 മീറ്റർ മുതൽ 5.5 മീറ്റർ വരെ ആഴത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റ് വർക്കുകളിൽനിന്നാരംഭിച്ച് സൽവ റോഡിന്റെ പ്രധാന സർവീസ് റൂട്ടിലാണ് ഇത് സ്ഥാപിക്കുന്നത്. റഖിയ ഫാമുകളിലൂടെയും പരിസര പ്രദേശങ്ങളിലൂടെയുമായി സംസ്കരിച്ച മലിനജലം സംഭരിക്കുന്ന ടി.എസ്.ഇ സ്റ്റോറേജ് ലഗൂണുകൾ വരെ ഇത് എത്തും.
പദ്ധതിയിൽ ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റ് വർക്കുകളിൽനിന്ന് സീസണൽ സ്റ്റോറേജ് ലഗൂണുകളിലേക്ക് ജലം പമ്പ് ചെയ്യുന്ന 120000 ക്യുബിക് മീറ്റർ പ്രതിദിന ശേഷിയുള്ള പമ്പിങ് സ്റ്റേഷനും ഉൾപ്പെടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

