സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ തേടിയുള്ള ഫോൺകാൾ തട്ടിപ്പ് സംബന്ധിച്ച് ജാഗ്രത നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ബാങ്കിൽനിന്ന് ഇത്തരം വിവരങ്ങൾ തേടി വിളിക്കാറില്ല. ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടല്ലാതെ അക്കൗണ്ട് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ പാസ്വേഡോ നൽകരുത്. മൊബൈൽ ഫോണിൽ സന്ദേശം അയച്ച് ഒ.ടി.പി ചോദിച്ചും തട്ടിപ്പുകാർ വിളിക്കാറുണ്ട്.
ഒ.ടി.പി കൈമാറിയാൽ നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. വിദേശ രാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. സമീപകാലത്ത് ഇത്തരം തട്ടിപ്പുശ്രമങ്ങൾ വ്യാപകമായിട്ടുണ്ട്. പലരും ഇരകളാവുകയും ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ തടയാനും സമൂഹത്തിന് സംരക്ഷണം നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ഫോൺ കാളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ പൗരന്മാരും താമസക്കാരും സാമ്പത്തിക, ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം ശിപാർശ ചെയ്തു.
66815757 നമ്പറിലോ ccc@moi.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ മെട്രാഷ്-2 ആപ്ലിക്കേഷൻ വഴിയോ അധികൃതരെ ബന്ധപ്പെടാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

