കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ഉപയോഗിച്ച ഔദ്യോഗിക പന്ത് ആയ ‘അൽ ഹിൽമ്’ ലേലത്തിന്. അൽ ഹിൽമ് എന്നറിയപ്പെടുന്ന അഡിഡാസിന്റെ പന്തിന് ഏകദേശം 10 ലക്ഷം റിയാൽ ആണ് വിലമതിക്കുന്നത്. 2.24 കോടി രൂപ വരുമിത്. ജൂൺ 6, 7 തീയതികളിലായി ഇംഗ്ലണ്ടിൽ നടക്കുന്ന ലേലത്തിന് ചുക്കാൻ പിടിക്കുന്നത് ഗ്രഹാം ബഡ് ഓക്ഷൻസ് ആണ്. ഓൺലൈൻ ആയും നോർത്താംപ്ടൺ ലേല ഹൗസിലുമായാണ് ലേലം.
ഫുട്ബോൾ സ്വന്തമാക്കാൻ ആഗോള തലത്തിൽ നിന്നുള്ള നിരവധി ആരാധകർ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. അഡിഡാസ് നടത്തിയ ‘മാച്ച് ബോൾ സ്വന്തമാക്കാം’ എന്ന മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ പന്ത് സ്വന്തമാക്കിയ വിദേശ ആരാധകനാണ് നോർത്താംപ്ടൺ ലേല ഹൗസ് മുഖേന പന്ത് ലേലത്തിൽ വിൽക്കുന്നത്.
2022 ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിന് ഉപയോഗിച്ച അൽ ഹിൽമ് പന്ത് ഇതിനകം ലോകശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച മത്സരമായിരുന്നു അത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

