ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് പര്യടനത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തിയ അമീറിനെ ചാൾസ് രാജാവിന്റെ പ്രതിനിധി ഔദ്യോഗികമായി സ്വീകരിച്ചു. മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കൊപ്പം ബ്രിട്ടനിലെ ഖത്തർ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് ആൽഥാനി, ഖത്തറിലെ അംബാസഡർ നിറവ് പട്ടേൽ എന്നിവരും പങ്കെടുത്തു.
ചാൾസ് രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അമീറിനൊപ്പം പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയുമുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നത സംഘവും അമീറിന്റെ സംഘത്തിലുണ്ട്. ബ്രിട്ടീഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ച അമീറിന്റെ വിമാനത്തെ രണ്ട് റോയൽ എയർഫോഴ്സ് യുദ്ധ വിമാനങ്ങൾ അകമ്പടി സേവിച്ചാണ് രാജാവിന്റെ അതിഥിയായി വരവേറ്റത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

