ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്ന ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2024ലെ ആദ്യ പാദത്തിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിലെ പാദവാർഷിക കണക്കുകളെ മറികടന്നതായി എച്ച്.ഐ.എ അറിയിച്ചു. 2023ൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ എല്ലാ റെക്കോഡുകളും മറികടക്കുന്നതാണ് പുതിയ കണക്കുകൾ. 2024 ജനുവരി മുതൽ മാർച്ച് വരെ യാത്രക്കാരുടെ എണ്ണത്തിൽ 27.6 ശതമാനം വർധിച്ചു. വിമാനങ്ങളുടെ സഞ്ചാരത്തിലും ചരക്ക്
നീക്കത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. വിമാനങ്ങളുടെ സഞ്ചാരത്തിൽ 23.9 ശതമാനം വർധനവാണുണ്ടായത്. ചരക്ക് നീക്കത്തിൽ 15.4 ശതമാനവും വർധിച്ചു. ഈ വർഷം ആദ്യ മൂന്ന് മാസത്തിനുള്ളിലായി ഹമദ് വിമാനത്താവളം വഴി 1.31 കോടി പേരാണ് യാത്ര ചെയ്തത്. ജനുവരിയിൽ 45 ലക്ഷവും ഫെബ്രുവരിയിൽ 43 ലക്ഷവും മാർച്ചിൽ 42 ലക്ഷവും യാത്രക്കാർ ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തു. ഇക്കാലയളവിൽ ആകെ 69,959 വിമാനങ്ങളാണ് വിമാനത്താവളത്തിലെത്തിയത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യഥാക്രമം 23996, 22736, 23227 വിമാനങ്ങൾ ഇവിടെയെത്തി.
2024ന്റെ ആദ്യ പാദത്തിൽ 6.26 ലക്ഷം ടൺ ചരക്കാണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. 72 ലക്ഷം ട്രാൻസ്ഫർ ബാഗേജുകളുൾപ്പെടെ 1.04 കോടി ബാഗേജുകൾ വിമാനത്താവള സൗകര്യം ഉപയോഗപ്പെടുത്തി. വിമാനത്താവളത്തെ ആഗോള യാത്രക്കാരുടെ ട്രാൻസിറ്റ് ഹബ്ബായി കണക്കാക്കുന്നതിന്റെ സൂചനയാണിത് നൽകുന്നത്. ആഗോള കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്താനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 188 കാർഗോ, പാസഞ്ചർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും സർവിസ് നടത്തി. കൂടാതെ 48 എയർലൈനുകളുടെ ശൃംഖലയെയും ഇവിടെ നിന്ന് ബന്ധിപ്പിക്കുന്നുണ്ട്. ആദ്യ പാദത്തിൽ 44 എണ്ണമായിരുന്നുവെങ്കിൽ പിന്നീട് നാല് എയർലൈനുകൾ കൂടി ശൃംഖലയിൽ പങ്കാളികളായെന്ന് വിമാനത്താവളം അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഈയിടെ ഹമദിനെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിന് തിരഞ്ഞെടുത്തിരുന്നു. തുടർച്ചയായി രണ്ടാം തവണയും മികച്ച എയർപോർട്ട് ഷോപ്പിങ് കേന്ദ്രമായും തുടർച്ചയായി 10ആം തവണ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

