ഖത്തറിലെ ഫിഫ സ്റ്റേഡിയങ്ങളിൽ സുരക്ഷാ വിഭാഗം ഡബിൾ സ്ട്രോങ്ങ് ; യാതൊരു കുറ്റകൃത്യങ്ങളും ഇല്ലാതെ മുന്നേറ്റം

ദോഹ : ലോകം മുഴുവൻ ഒന്നിക്കുന്ന ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങളിൽ ഇതുവരെ കുറ്റ കൃത്യങ്ങളോ, സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ.പഴുതടച്ച സുരക്ഷ ഒരുക്കി ആയുധധാരികളായ പുരുഷ-വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും കർമനിരതരാണ്. സന്ദർശകർക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിലും, സൗകര്യങ്ങൾ ഒരുക്കുന്നതിലും ഖത്തർ സമ്പൂർണ്ണ വിജയം കൈവരിച്ചിട്ടുണ്ടെന്നും ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ സേഫ്റ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വാർത്താ സമ്മേളനത്തിൽ വിശദമാക്കി. അതേ സമയം സന്ദർശകരും നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതിർത്തി മുതൽ ലോകകപ്പ് സ്റ്റേഡിയങ്ങളിലും വിമാനത്താവളങ്ങളിലും ദോഹ മെട്രോ സ്‌റ്റേഷനുകളിലും ഹോട്ടലുകൾ, പൊതു ഇടങ്ങൾ, പ്രധാന വിനോദ കേന്ദ്രങ്ങൾ തുടങ്ങി വാഹനങ്ങളിലും കാൽനടയായും നിതാന്ത ജാഗ്രതയോടെ നിലകൊള്ളുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം. ആന്റി-ഡ്രോൺ ഉൾപ്പെടെ നൂതനവും അത്യാധുനികവുമായ സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

സ്റ്റേഡിയങ്ങൾ, പരിസര പ്രദേശങ്ങൾ, ഫാൻ ഏരിയകൾ തുടങ്ങി എല്ലായിടങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകളെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ സംവിധാനം ആസ്പയർ സോണിലെ നാഷനൽ കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക, തുർക്കി, യുകെ, റഷ്യ തുടങ്ങിയ വൻകിട രാജ്യങ്ങളുടെയും നാറ്റോയുടെയും സുരക്ഷാ സേനകളും ഇന്റർപോൾ ഉൾപ്പെടെയുള്ള രാജ്യാന്തര സുരക്ഷാ ഏജൻസികളും ചേർന്നാണ് ഖത്തർ അമീരി ഗാർഡിന്റെ കീഴിൽ ലോകകപ്പ് സുരക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരെ തേടിയെത്തുന്ന എല്ലാ കോളുകൾക്കും മറുപടി നൽകിയിട്ടുണ്ടെന്നും, ഉടനടി വേണ്ടുന്ന പരിഹാരങ്ങൾ നൽകുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അബു സമ്ര അതിർത്തി വഴി റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കാൻ വാഹന പെർമിറ്റിന് ഓൺലൈൻ റജിസ്‌ട്രേഷൻ (https://ehteraz.gov.qa/PER/vehicle/) തുടങ്ങി. യാത്രാ തീയതിക്ക് 12 മണിക്കൂർ മുൻപ് ഓൺലൈനിൽ വാഹന പെർമിറ്റിനായി റജിസ്റ്റർ ചെയ്യണം.പെർമിറ്റിന് ഫീസ് ഈടാക്കുന്നില്ല . ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണിത്. വിമാന മാർഗമെത്തുന്നവർക്ക് കഴിഞ്ഞ ദിവസം മുതൽ അനുമതി നൽകി. അബു സമ്ര അതിർത്തിയിലൂടെ റോഡ് മാർഗം എത്തുന്നവർക്ക് ഇന്നു മുതലാണ് ഹയാ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply