ഏഷ്യൻ കപ്പിന് വർണാഭ തുടക്കം; പലസ്തീനെ ചേർത്തുപിടിച്ച് ഉദ്ഘാടനം

ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന വേദിയിൽ പലസ്തീൻ ജനതയെ ചേർത്ത് പിടിച്ചാണ് ഖത്തർ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്തത്. ഉദ്ഘാടന വേദിയിൽ പലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അൽ ബത്താത്തിനെയും കൂട്ടിയാണ് ഖത്തർ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്. ടൂർണമെന്റിന്റെ പ്രതിജ്ഞ ചൊല്ലുന്നത് ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ ക്യാപ്റ്റനാണെന്നിരിക്കെയാണ് അത്തരമൊരു വലിയ വേദിയിലേക്ക് താരതമ്യേന ചെറിയ ടീമായ പലസ്തീന്റെ നായകനേയും ഖത്തർ കൊണ്ടുവന്നന്ന് തങ്ങളുടെ പിന്തുണയും സ്‌നേഹവായ്പും അറിയിച്ചത്.

ഒപ്പം പലസ്തീൻ ദേശീയഗാനത്തിന്റെ അവസാന ഭാഗവും ലുസൈൽ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടു. ഉദ്ഘാടന വേദിയിൽ പലസ്തീനെ ചേർത്തുപിടിക്കുമെന്ന് നേരത്തെ ഇവന്റസ് കമ്മിറ്റി അറിയിച്ചിരുന്നു. ഈ വാക്ക് കൃത്യമായി പാലിക്കുന്ന കാഴ്ചയാണ് ഇന്ന് ലുസൈലിൽ ഉണ്ടായത്. 80,000ലേറെ പേരാണ് ലുസൈലിൽ ഉദ്ഘാടനത്തിനും തുടർന്നുള്ള മത്സരം കാണാനുമായി എത്തിയത്.

അതേസമയം, ഉദ്ഘാടന മത്സരത്തിൽ ലെബനനെ ഖത്തർ തകർത്തു. 3-0നാണ് ഖത്തറിന്റെ വിജയത്തുടക്കം. അക്രം ആതിഫ്, അൽമോയിസ് അലി എന്നിവരാണ് ആതിഥേയർക്കായി വല കുലുക്കിയത്. അക്രം രണ്ട് ഗോളുകൾ നേടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply