ഗാസയിൽ വീണ്ടും വെടിനിർത്തലിനും, കൂടുതൽ ബന്ധികളെയും തടവുകാരെയും മോചിപ്പികാനും സാധ്യമാകും വിധം മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി. ഞായറാഴ്ച ആരംഭിച്ച ദോഹ ഫോറത്തിൽ ‘മധ്യപൂർവേഷ്യ ഇനിയെന്ത്’ എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗാസയിലെ വെടിനിർത്തൽ ദൗത്യം സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചത്.
ഗാസയിൽ വിനാശം വിതച്ച് ഇസ്രായേലിന്റെ വ്യോമാക്രമണവും മറ്റും തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ, നല്ലൊരു ഫലത്തിനു വേണ്ടി ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമം തുടരുന്നതായി അദ്ദേഹം പറഞ്ഞു. ‘നിലവിലെ സാഹചര്യത്തിൽ മധ്യസ്ഥ ശ്രമം ഉപേക്ഷിക്കാനാവില്ല. അതേസമയം, ഇസ്രായേൽ ആക്രമണം തുടരുന്നത് ദൗത്യം ദുഷ്കരമാക്കുകയാണ് -അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ബന്ദികളുടെ മോചനം സാധ്യമാക്കാനും, യുദ്ധം പൂർണമായി അവസാനിപ്പിക്കാനും മധ്യസ്ഥ എന്ന നിലയിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണെന്നും, ഈജിപ്ത്, അമേരിക്ക ഉൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ദൗത്യം തുടരുന്നതായും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, മധ്യസ്ഥ ദൗത്യത്തോട് ഇരുകക്ഷികളിൽ നിന്നും ഒരേപോലെയൊരു സമീപനം പ്രകടമാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു മാസത്തിലേറെയായി തുടരുന്നു ഇസ്രായേലിന്റെ കടുത്ത ആക്രമണത്തോട് അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തുടരുന്ന ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ, ഖത്തറിന്റെ നേതൃത്വത്തിലെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് നവംബർ അവസാനത്തിൽ ഏഴു ദിവസ വെടിനിർത്തൽ സാധ്യമായത്. പിന്നാലെ, ഇസ്രായേൽ മധ്യസ്ഥ ചർച്ചകളിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

