അമീർ കപ്പ് കിരീടപ്പോരാട്ടം നാളെ

ഖത്തറിലെ ഗ്ലാമർ ക്ലബ് പോരാട്ടമായ അമീർ കപ്പ് ഫുട്ബാളിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ. അൽ ഗറാഫയും അൽ റയ്യാനും മാറ്റുരക്കുന്ന കിരീടപ്പോരാട്ടത്തിന് ശനിയാഴ്ച ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. സീസണിൽ ഏറ്റവും കാണികൾ എത്തുന്ന ക്ലബ് മത്സരമായ അമീർ കപ്പിന്റെ ഗ്രാൻഡ് ഫൈനലിനാണ് ശനിയാഴ്ച വേദിയൊരുക്കുന്നത്.

സെമി ഫൈനൽ മത്സരത്തിനു പിന്നാലെ ആരംഭിച്ച ടിക്കറ്റ് വിൽപനക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 44,828 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിലേക്ക് ബുധനാഴ്ചയിലെ കണക്കു പ്രകാരം 70 ശതമാനം ടിക്കറ്റുകളും വിൽപന നടത്തിക്കഴിഞ്ഞതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി അലി അൽ സലാത് അറിയിച്ചു. 10, 30, 50 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ.

ടിക്കറ്റുകൾ വാങ്ങുന്ന കാണികൾക്കായി കാർ ഉൾപ്പെടെ അഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളും വിവിധ ഫാൻ സോൺ പരിപാടികളും അനുബന്ധമായി തയാറാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. നാലു മണിക്കുതന്നെ സ്റ്റേഡിയം പ്രവേശനം അനുവദിക്കും. ആരാധകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയതെന്നും അറിയിച്ചു. കാണികൾക്ക് പാർക്കിങ്ങിനും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുമുള്ള സൗകര്യങ്ങളും തയാറായതായി സ്റ്റേഡിയം ഫെസിലിറ്റി ഡയറക്ടർ മൻസൂർ അൽ മുഹന്നദി അറിയിച്ചു. ഗോൾഡ് ലൈൻ മെട്രോ ഉപയോഗിച്ച് ആരാധകർക്ക് സ്റ്റേഡിയത്തിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. സ്റ്റേഡിയത്തിലേക്കുള്ള യാത്രാസൗകര്യങ്ങളും പാർക്കിങ് മേഖലകളും വ്യക്തമാക്കുന്ന മാപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply