Headlines

ഖത്തർ ദേശീയ ദിനം: ഐക്യത്തിന്റെയും വികസനത്തിന്റെയും കരുത്തെന്ന് പ്രധാനമന്ത്രി

ദോഹ: ഖത്തറിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി മുൻ തലമുറകൾ നടത്തിയ ത്യാഗങ്ങളെ സ്മരിക്കാനും രാജ്യത്തിന്റെ വികസന പാതയിൽ വിശ്വസ്തതയോടെ മുന്നേറാനും ദേശീയ ദിനം ഊർജം നൽകുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ എന്ന ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം രാജ്യത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ചുവടുവെപ്പാണ്. ഭരണനേതൃത്വവും പൗരന്മാരും താമസക്കാരും തമ്മിലുള്ള ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. സുസ്ഥിര വികസനം, സാമ്പത്തിക ഭദ്രത, സാമൂഹിക ക്ഷേമം എന്നിവ നിലനിർത്താൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അറബ്-ഇസ്‌ലാമിക പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് തന്നെ ആഗോളതലത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഖത്തറിന് സാധിക്കുന്നുണ്ട്. രാഷ്ട്രശിൽപി ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ തത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ട് സമാധാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മരുപ്പച്ചയായി ഖത്തർ എന്നും നിലനിൽക്കുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply