Headlines

ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ദർബ് അൽ സാഇയിൽ തുടക്കം

ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉമ്മു സലാൽ ഏരിയയിലെ ദർബ് അൽ സാഇയിലെ പ്രധാന ചത്വരം വേദിയായി. ദേശീയ ഗാനങ്ങളുടെ അകമ്പടിയോടെ പതാക ഉയർത്തിക്കൊണ്ട് സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ എന്ന മുദ്രാവാക്യത്തെ പ്രമേയമാക്കി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിപാടികൾ ഡിസംബർ 20 വരെ തുടരും.

അറേബ്യൻ കുതിരകൾ, ഒട്ടകങ്ങൾ എന്നിവയും പരമ്പരാഗത ഖത്തരി അർദ നൃത്തവും അണിനിരന്ന പരേഡും ദർബ് അൽ സാഇയിൽ അരങ്ങേറി. ഉൽഘാടനത്തിന് ശേഷം വിവി​ധ അംബാസഡർമാർക്കും ഉദ്യോ​ഗസ്ഥർക്കുമൊപ്പം 150,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരുക്കിയിട്ടുള്ള പ്രദർശനവും മന്ത്രി സന്ദർശിച്ചു. അൽ മുക്തിർ, അൽ ഇസ്ബ എന്നീ പരമ്പരാഗത കൂടാരങ്ങളായ ഹെറിറ്റേജ് ക്യാമ്പുകളാണ് പരിപാടികളുടെ പ്രധാന സവിശേഷത. ഈ കൂടാരങ്ങൾ ഖത്തരി മരുഭൂമിയിലെ ജീവിതത്തിൻ്റെ യഥാർത്ഥ അവതരണം സന്ദർശകർക്കായി ഒരുക്കുന്നു. പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൻ്റെ ചരിത്രവും, മൂല്യങ്ങളും, സ്വത്വവും മനസ്സിലാക്കാനുള്ള അവസരം ഇതിലൂടെ ഒരുക്കിയിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സുരക്ഷാ ഏജൻസി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ വർഷത്തെ പരിപാടികളിൽ പങ്കാളിത്തം വഹിക്കുന്നു. കുട്ടികൾക്കായി കായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഇടങ്ങളും തുറന്ന വേദികളിൽ ഒരുക്കിയിട്ടുണ്ട്. സിംപോസിയങ്ങൾ, കവിതാ സായാഹ്നങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികളും നടക്കും. കരകൗശല നിർമ്മാണങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരാനാണ് സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ദിവസവും വൈകുന്നേരം 3 മുതൽ രാത്രി 11 വരെയാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply