Headlines

ദോഹയിലെ ഇസ്രയേൽ ആക്രമണം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ ഖത്തർ

ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ICC) സമീപിക്കാൻ ഖത്തർ ഒരുങ്ങുന്നു. നിയമനടപടികളുടെ ഭാഗമായി ഖത്തറിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ ICC പ്രസിഡന്റിനെ സന്ദർശിച്ചു.

ഹമാസും ഇസ്രയേലും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അൽ ഖുലൈഫിയാണ് നെതർലാൻഡ്സിലെ ഹേഗിൽ വെച്ച് അന്താരാഷ്ട്ര കോടതി ജഡ്ജ് ടൊമോകോ അക്കാനെയുമായി കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നിയമപരവും നയതന്ത്രപരവുമായ മാർഗങ്ങളും തേടിവരികയാണെന്ന് ഖത്തർ ഉദ്യോഗസ്ഥൻ എഎഫ്പി വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു. ഈ ശ്രമങ്ങളുടെ ഭാഗമായാണ് മുഹമ്മദ് അൽ ഖുലൈഫിയുടെ ഹേഗിലേക്കുള്ള സന്ദർശനം.

ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ കഴിഞ്ഞ വർഷം ICC അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സാധാരണക്കാരെ കൊന്നൊടുക്കുന്നതും പട്ടിണിയെ ആയുധമാക്കുന്നതും പരിഗണിച്ചായിരുന്നു ഈ നടപടി. ഇതിനുപിന്നാലെയാണ് ഖത്തറിന്റെ പുതിയ നീക്കം. ഖത്തറിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയുടെ സുരക്ഷക്കായി പ്രതിരോധ സഹകരണം വർധിപ്പിക്കാൻ ജിസിസി രാഷ്ട്രങ്ങൾ തീരുമാനിച്ചിരുന്നു. ഏകീകൃത സൈനിക കമാൻഡ് വഴി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും വ്യോമ സാഹചര്യങ്ങളുടെ വിവരങ്ങൾ കൈമാറാനും ധാരണയായി.

ഈ മാസം 9-നാണ് ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഒത്തുകൂടിയ കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 15 ഇസ്രയേൽ യുദ്ധവിമാനങ്ങൾ 10-ൽ അധികം ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply