ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിലെ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ അതിവേഗം പൂർത്തിയാക്കി. രണ്ട് വർഷം കൊണ്ട് പദ്ധതിയിട്ട ഇൻസ്റ്റലേഷൻ 9 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഖത്തർ എയർവേസിന്റെ വൈഡ്‌ബോഡി വിമാനമാണ് ബോയിങ് 777. സ്റ്റാർലിങ്കുമായി സഹകരിച്ച് ഇൻഫ്‌ലൈറ്റ് ഇന്റർനെറ്റ് സേവനം ആദ്യം നൽകിത്തുടങ്ങിയത് ഈ വിമാനങ്ങളിലാണ്.
ദീർഘദൂര, അൾട്രാ ദീർഘദൂര സർവീസുകൾ നടത്തുന്ന ബോയിങ് 777 വിമാനങ്ങളിൽ രണ്ട് വർഷം കൊണ്ട് സേവനം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 9 മാസം കൊണ്ട് തന്നെ ലക്ഷ്യം പൂർത്തീകരിച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. വിമാന സർവീസുകളെ ബാധിക്കാതെ തന്നെ ഇൻസ്റ്റലേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചു. പ്രീമിയം, ഇക്കണോമി ക്യാബിനുകളിലെ യാത്രക്കാർക്ക് 500 എംബിപിഎസ് വരെ വേഗത്തിൽ വിമാനത്തിൽ സൗജന്യ വൈഫൈ ലഭ്യമാണ്.
സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോൺഫറൻസുകൾ, ലൈവ് മത്സരങ്ങൾ തുടങ്ങി വീട്ടിലിരുന്ന് ചെയ്യാവുന്നതെല്ലാം ഇനി ആകാശത്തും നടക്കും. ബോയിങ് 777 വിമാനങ്ങൾക്ക് പിന്നാലെ ഖത്തർ എയർവേസിന്റെ എയർബസ് 350 വിമാനങ്ങളിലും വൈഫൈ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

