ക്ലബ് ലോകകപ്പിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഫ്രഞ്ച് ക്ലബ് പി എസ്ജി ഫൈനലിൽ കടന്നു. സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരെ ഫ്രഞ്ച് ക്ലബ് തകർത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പിഎസ്ജി ഇംഗ്ലീഷ് ക്ലബ് ചെൽസിയെ നേരിടും.
റയലിനെതിരായ വാശിയേറിയ മത്സരത്തിൽ പിഎസ്ജിക്കായി ഫാബിയൻ റൂസ് ഇരട്ടഗോൾ നേടി. 6, 24 മിനിറ്റുകളിലായിരുന്നു റൂസിന്റെ ഗോളുകൾ. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ് (87) എന്നിവരും പിഎസ്ജിക്കായി ഗോൾ നേടി. ചാംപ്യൻസ് ലീഗ് ചാംപ്യൻമാരായ പിഎസ്ജി ആദ്യമായാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 50ന് നിലംപരിശാക്കി യുവേഫ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെയാണ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നത്. ഈ സീസണിൽ അഞ്ചാം കിരീടമാണ് ലൂയി എൻ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാംപ്യൻസ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വൺ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു.
ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ ഇന്റർ മയാമിയെയും (4-0) ബയൺ മ്യൂണിക്കിനെയും (2-0) തോൽപിച്ചാണ് പിഎസ്ജി സെമിയിൽ കടന്നത്. നേരത്തെ, ബ്രസീൽ ഫ്‌ലൂമിനെൻസെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഇംഗ്ലിഷ് ക്ലബ് ചെൽസി ഫൈനലിൽ കടന്നത്. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് പിഎസ്ജി – ചെൽസി ക്ലബ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുക.

