ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കത്തിൽ ഇന്ത്യൻ പ്രവാസികളുമായും വിദ്യാർത്ഥികളുമായും സംവദിച്ചു. മസ്‌കത്തിലെ ഒമാൻ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്. പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മലയാളത്തിൽ “സുഖമാണോ?” എന്ന് പ്രധാനമന്ത്രി ചോദിച്ചത് സദസ്സിൽ വലിയ ആവേശവും കൈയടിയും നിറച്ചു.
ഒമാനിൽ വലിയൊരു ശതമാനം മലയാളികളുണ്ടെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. മലയാളികൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും ഒരു ‘മിനി ഇന്ത്യ’യെയാണ് താൻ മസ്‌കത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഒമാൻ സൗഹൃദം ആഘോഷിക്കുന്ന ‘മൈത്രി ഫെസ്റ്റിവൽ’ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ‘മൈത്രി’ (MAITRI) എന്ന വാക്കിന് സമുദ്ര പൈതൃകം (Maritime Heritage), ആഗ്രഹം (Aspiration), നവീകരണം (Innovation), വിശ്വാസവും സാങ്കേതികവിദ്യയും (Trust and Technology), പരസ്പര ബഹുമാനം (Respect), സമവായ വളർച്ച (Inclusive Growth) എന്നിങ്ങനെ പുതിയ അർത്ഥതലങ്ങളും അദ്ദേഹം നൽകി.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും അത് ചരിത്രത്തിന്റെയും സംയുക്ത ഭാവിനയത്തിന്റെയും ആഘോഷമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യൻ സമുദ്രത്തിലെ മൺസൂൺ കാറ്റുകൾ ഈ വ്യാപാരബന്ധത്തിന് കരുത്തേകിയിരുന്നു. ഒമാനിലെ 6.75 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ വിദ്യാഭ്യാസം നൽകുന്നതിൽ 50 വർഷം തികയ്ക്കുന്ന ഒമാനിലെ ഇന്ത്യൻ സ്കൂളുകളെയും അദ്ദേഹം അഭിനന്ദിച്ചു.
മുൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യൻ സ്കൂളുകൾക്ക് നൽകിയ പിന്തുണയെയും നിലവിലെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രവാസികൾക്ക് നൽകുന്ന സംരക്ഷണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

