Headlines

പ്ലസ് വൺ: ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം നാളെ മുതൽ

പ്ലസ് വൺ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയുള്ള അലോട്മെന്റ് നാളെ(25-07-2025) 10 മുതൽ പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട് ലിങ്കിലൂടെ പരിശോധിക്കാം.

നാളെ മുതൽ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവർ നിലവിൽ ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളിൽനിന്നു നൽകും. അതേ സ്‌കൂളിൽ മറ്റൊരു വിഷയത്തിൽ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂൾ അധികൃതർ ക്രമപ്പെടുത്തും.

മറ്റൊരു സ്‌കൂളിൽ അലോട്മെന്റ് ലഭിച്ചവർക്ക് ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമർപ്പിച്ച മറ്റുരേഖകൾ എന്നിവ സ്‌കൂൾ അധികൃതർ മടക്കിനൽകണം. അതേവിഷയത്തിൽ തന്നെയാണ് അലോട്മെന്റ് എങ്കിൽ അധികഫീസ് നൽകേണ്ടതില്ല. മറ്റൊരു സ്‌കൂളിൽ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കിൽ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നൽകണം.

ആദ്യം ചേർന്ന സ്‌കൂളിൽ അടച്ച കോഷൻ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിർബന്ധമായും മടക്കിനൽകണമെന്ന് ഹയർസെക്കൻഡറി വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാൻസ്ഫർ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റിൽ 30-ന് മെറിറ്റ് അടിസ്ഥാനത്തിൽ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Leave a Reply