കരൂരിൽ ആൾക്കൂട്ട ദുരന്തമുണ്ടായ സ്ഥലത്തേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്ക് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങളും വിജയ് എത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പോലീസ് ഈ തീരുമാനം എടുത്തത്. വിജയ് പോലീസിനോട് അനുമതി തേടിയിരുന്നതായി ടിവികെ നേതാക്കൾ അറിയിച്ചു.
വിജയുടെ റാലിക്കായി സ്ഥലം അനുവദിച്ചതിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പതിനായിരം പേർക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും, റാലിയുടെ സ്വഭാവം മുൻനിർത്തി ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിലും, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. ദുരന്തമുണ്ടായ വേലുച്ചാമിപുറം അരലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത സ്ഥലമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.
ദുരന്തത്തിന് പിന്നാലെ വിജയ്ക്ക് എതിരെ പ്രതിഷേധം ശക്തമായി. വിദ്യാർഥി കൂട്ടായ്മയുടെ പേരിൽ കരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിജയ് ഒരു ‘കൊലപാതകിയാണ്’ എന്ന് ആരോപിക്കുന്ന പോസ്റ്ററുകൾ, നിരപരാധികളുടെ മരണത്തിന് ഉത്തരവാദിയായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇതിനിടയിൽ, നടൻ വിജയുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. ചെന്നൈ പോലീസിനാണ് ഫോൺ സന്ദേശം ലഭിച്ചത്. തുടർന്ന്, പോലീസ് ബോംബ് സ്‌ക്വാഡുമായി വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

