പീച്ചി പോലീസ് സ്റ്റേഷനിലെ മർദനവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ പി.എം രതീഷിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത. അദ്ദേഹത്തിന്റെ വാർഷിക വേതന വർധനവ് തടയാനാണ് ഇപ്പോൾ ആലോചിക്കുന്നത്. രതീഷിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം ലഭിച്ച ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിൽ കടവന്ത്ര എസ്.എച്ച്.ഒ ആയ രതീഷിനെ ഇന്നലെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
2023 മെയിൽ പീച്ചി എസ്.ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ വെച്ച് മർദിച്ചെന്നാണ് പരാതി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരമാണ് നടപടി.
ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ നിയമം വഴി ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായതും രതീഷിനെതിരെ നടപടിയുണ്ടായതും.

