മോദിയോടുള്ള രാഷ്ട്രീയ വിരോധം ഹിന്ദി ഭാഷയോടുള്ള തുറന്ന എതിർപ്പായി മാറുന്നുവെന്ന് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന നേതാവുമായ പവൻ കല്യാൺ. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എന്നാൽ രാജ്യത്തിന്റെ അഖണ്ഡതയോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് പറയുമ്പോൾത്തന്നെ, ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയും പവൻ കല്യാൺ ചൂണ്ടിക്കാട്ടി. ‘നമ്മുടെ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദി സംസാരിക്കുന്ന ധാരാളം ആളുകളുണ്ട്. തെലങ്കാനയിൽ പോലും ഉറുദു സംസാരിക്കുന്നവർ ഒന്നിച്ചു ജീവിക്കുന്നു. എന്നിട്ടും ഭാഷ ഇത്ര വലിയൊരു വിവാദ വിഷയമാകുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷ ആരും തന്നെ നിർബന്ധിച്ച് പഠിപ്പിച്ചതല്ലെന്നും, ആവശ്യമുള്ളപ്പോൾ സ്വയം പഠിച്ചതാണെന്നും പവൻ കല്യാൺ ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ വളർന്നപ്പോൾ തമിഴ് പഠിച്ചത് ആരും നിർബന്ധിച്ചതുകൊണ്ടല്ല, മറിച്ച് ആവശ്യമായതുകൊണ്ടാണ്. അതുപോലെ ഹിന്ദിയും ആളുകൾ ആവശ്യത്തിനനുസരിച്ച് പഠിക്കണം. ഭാഷ ആളുകളെ ഒന്നിപ്പിക്കാനുള്ളതാകണം, ഭിന്നിപ്പിക്കാനുള്ളതാകരുതെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

