ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്പോർട്ട് ഇൻഡെക്‌സിൽ ഖത്തർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 47-ാം സ്ഥാനത്താണ് ഖത്തർ. ഖത്തരി പാസ്പോർട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. കഴിഞ്ഞ വർഷം ഇത് 107 രാജ്യങ്ങളായിരുന്നു.
വർഷങ്ങളായുള്ള ഖത്തറിന്റെ പാസ്പോർട്ട് റാങ്കിംഗ്
2020: 54
2021: 60
2022: 53
2023: 55
2024: 46
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്‌സ് ഓരോ രാജ്യത്തിന്റെയും ശക്തി നിർണ്ണയിക്കുന്നത്. ജി.സി.സി. രാജ്യങ്ങളിൽ യു.എ.ഇ. എട്ടാം സ്ഥാനത്താണ്, ഇത് പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനമാണ്. യു.എ.ഇ. പാസ്പോർട്ട് ഉപയോഗിച്ച് 184 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്.
മറ്റ് ജി.സി.സി. രാജ്യങ്ങളുടെ റാങ്കിംഗും വിസ രഹിത പ്രവേശന സൗകര്യങ്ങളും:
കുവൈത്ത്: 50-ാം സ്ഥാനം (100 രാജ്യങ്ങൾ)
സൗദി അറേബ്യ: 54-ാം സ്ഥാനം (91 രാജ്യങ്ങൾ)
ബഹ്റൈൻ: 55-ാം സ്ഥാനം (90 രാജ്യങ്ങൾ)
ഒമാൻ: 56-ാം സ്ഥാനം (88 രാജ്യങ്ങൾ)
സിംഗപ്പൂർ പാസ്പോർട്ടാണ് ഇൻഡെക്‌സിൽ ഒന്നാമത്. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. രണ്ടാം സ്ഥാനം: ജപ്പാൻ, ദക്ഷിണ കൊറിയ (190 രാജ്യങ്ങൾ. മൂന്നാം സ്ഥാനം: ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, സ്‌പെയിൻ (189 രാജ്യങ്ങൾ). നാലാം സ്ഥാനം: ഓസ്ട്രിയ, ബെൽജിയം, ലക്‌സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ അഞ്ചാം സ്ഥാനം: ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്സർലൻഡ്. ഇന്ത്യ 77-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനാകും.

