പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ-പാക് സംഘർഷത്തിൽ ട്രംപിന്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അടുത്ത മാസം 21 വരെ അവധികൾ ഒഴിച്ചു നിർത്തിയാൽ 21 സിറ്റിംഗുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലയളവിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും.മണിപ്പൂർ ജി.എസ്.ടി. ഭേദഗതി ബിൽ അടക്കം പുതിയ എട്ട് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്‌സ് ബിൽ അടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ച നടത്തും.പാർലമെന്റ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ അവഗണിച്ചാൽ സഭ പ്രക്ഷുബ്ധമായേക്കും.
പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ഇതുവരെ പിടികൂടാത്തതും ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ, ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ആരായും. എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എം.പിമാർ തയ്യാറാക്കിയിട്ടുണ്ട്.

