ഏഷ്യാ കപ്പ് ടി 20 ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന് 5 വിക്കറ്റ് വിജയം. ലങ്ക മുന്നോട്ടുവെച്ച 134 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ജയത്തോടെ പാകിസ്ഥാൻ ഫൈനൽ പ്രതീക്ഷ സജീവമാക്കി.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയുടെ ഫൈനൽ മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് (44 പന്തിൽ 50 റൺസ്) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സഹിബ്സാദ ഫർഹാനും ഫഖർ സമാനും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. അഞ്ചോവറിൽ ടീം 43 റൺസെടുത്തു. എന്നാൽ ആറാം ഓവറിൽ ഓപ്പണർമാർ പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിലായി. സയിം അയൂബും(2), നായകൻ സൽമാൻ ആഗയും(5) തുടർച്ചയായി പുറത്തായതോടെ പാകിസ്ഥാൻ 57-4 എന്ന നിലയിലേക്ക് വീണു.
സ്പിന്നർ മഹീഷ് തീക്ഷണയാണ് രണ്ടു ഓപ്പണർമാരെയും വീഴ്ത്തി ലങ്കൻ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. വാനിന്ദു ഹസരംഗ കൂടി താളം കണ്ടെത്തിയതോടെ പാകിസ്ഥാൻ വിയർത്തു. ആറാം വിക്കറ്റിൽ ഒന്നിച്ച ഹുസ്സൈൻ താലത്തും മുഹമ്മദ് നവാസും ടീമിനെ ജയത്തിലെത്തിച്ചു. ഹുസ്സൈൻ താലത്ത് 32 റൺസും നവാസ് 38 റൺസുമെടുത്തു. മുഹമ്മദ് ഹാരിസ് 13 റൺസെടുത്തു.

