ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമഗതാഗത വിലക്ക് പാകിസ്താൻ സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24-ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഇതിന് തിരിച്ചടിയായി പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കും വരും ദിവസങ്ങളിൽ നീട്ടാൻ സാധ്യതയുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ഈ വിലക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. ദൂരം കൂടിയ ബദൽ റൂട്ടുകളിലൂടെയാണ് ഇപ്പോൾ വിമാനങ്ങൾ സർവീസ് നടത്തുന്നത്.
ഇന്ത്യ, പാകിസ്താൻ സർക്കാരുകളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്കാണ് ഈ വിലക്ക് ബാധകം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും വിദേശങ്ങളിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
ഇതുവരെ 1240 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ വ്യോമപാത അടച്ചതുമൂലം പാകിസ്താനുണ്ടായത്. എന്നാൽ സാമ്പത്തിക ലാഭത്തേക്കാൾ രാജ്യത്തിന്റെ പരമാധികാരത്തിനും പ്രതിരോധത്തിനുമാണ് പാകിസ്താൻ മുൻഗണന നൽകുന്നതെന്ന് അവരുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിലുള്ള പ്രതികാര നടപടിയാണ് ഈ വ്യോമപാത വിലക്ക്.

