പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ആക്രമണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ലഫ്. ഗവർണർ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മനോജ് സിൻഹയുടെ പ്രതികരണം.
‘പഹൽഗാമിൽ നടന്നത് നിർഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. തീവ്രവാദികൾ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിൽക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല’, എന്നായിരുന്നു മനോജ് സിൻഹയുടെ പ്രതികരണം.
ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോസഞ്ചാരകേന്ദ്രത്തിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.ബഹവൽപൂർ, മുരിഡ്കെ അടക്കമുള്ള ഒൻപത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്.
മുരിഡ്കയിലെ ലഷ്‌കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു. യൂസഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസീർ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു. ഒടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

