ദുബായിൽ ആവേശം വിതറി ജമാലുദ്ദീൻ സ്മാരക സെവൻസ് ഫുട്ബോൾ; കിരീടം ചൂടി പവർ ഓഫ് അൽ ഖൂസും വുമൺ വാരിയേഴ്‌സും

പ്രവാസി മലയാളി കൂട്ടായ്മയായ ‘ഓർമ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ജമാലുദ്ദീൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമായി. 2025 ഡിസംബർ 21-ന് ദുബായ് സ്പോർട്സ് ബൈ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ പുരുഷ, വനിത, ബാലവേദി വിഭാഗങ്ങളിലായി 25-ഓളം ടീമുകൾ മാറ്റുരച്ചു. യു.എ.ഇ ദേശീയ ടീം താരം ഹസ്സൻ അലി ഇബ്രാഹിം ബലൂഷി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രേനിയൻ താരം ഇവാൻ കൽയൂനി എന്നിവരുടെ സാന്നിധ്യം ടൂർണമെന്റിന് മിഴിവേകി. വിജയികൾക്കുള്ള ട്രോഫികൾ മുഖ്യാതിഥികളായ താരങ്ങൾ വിതരണം ചെയ്തു.

വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ പുരുഷ വിഭാഗത്തിൽ പവർ ഓഫ് അൽ ഖൂസ് ജേതാക്കളായപ്പോൾ ദെയ്‌റ റെഡ് ഫൈറ്റേഴ്‌സ് രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ വുമൺ വാരിയേഴ്‌സ് ബർദുബായ് ഒന്നാം സ്ഥാനവും ഖുസൈസ് അയൺ ലേഡീസ് റണ്ണർ-അപ്പുമായി. പുരുഷ വെറ്ററൻസ് വിഭാഗത്തിൽ ജബൽ അലി യങ് അറ്റ് ഹാർട്ട് വിജയികളായപ്പോൾ ദെയ്‌റ റെഡ് ആർമി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാലവേദി വിഭാഗത്തിൽ ടീം D ഒന്നാം സ്ഥാനവും ടീം C & B രണ്ടാം സ്ഥാനവും സ്വന്തമാക്കി.

ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മുൻ എം.എൽ.എ കെ.എസ്. സലീഖ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞാഹമ്മദ്, സംഘാടക സമിതി ചെയർമാൻ അൻവർ സാദത്ത്, സെക്രട്ടറി അംബുജാക്ഷൻ, കൺവീനർ ബുഹാരി എന്നിവർ സംസാരിച്ചു.

Leave a Reply