Headlines

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു: മുന്നറിയിപ്പുമായി അധികൃതർ

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരും പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും മറ്റ് അപരിചിത വെബ്സൈറ്റുകളിലൂടെയും വരുന്ന പ്രമോഷണൽ ഓഫറുകൾ വിശ്വസിക്കുന്നതിന് മുൻപ് നന്നായി പരിശോധിച്ചുറപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രധാനമായും, വ്യാജ എയർലൈൻ ടിക്കറ്റ് ഓഫറുകൾ, സൗജന്യ സമ്മാനങ്ങൾ, വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകൾ എന്നിവയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ ലോഗോകളും ഔദ്യോഗിക ഡിസൈനുകളും ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഉപഭോക്താക്കളെ കബളിപ്പിച്ച് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രങ്ങളും ട്രെൻഡിംഗ് ഹാഷ്ടാഗുകളും ഉപയോഗിച്ചാണ് ഇവർ പലപ്പോഴും ആളുകളെ ആകർഷിക്കുന്നത്. യാത്രകളുടെ സീസണായതിനാൽ ഇത്തരം തട്ടിപ്പുകൾ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം സന്ദർശിക്കുക.

Leave a Reply