Headlines

ഷിരൂരിൽ പൊലിഞ്ഞ അർജുന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്

ഷിരൂർ ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. കർണാടകയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേയ്ക്കും മറുവശത്തുള്ള നദിയിലേയ്ക്കും കുത്തിയൊലിച്ച് പതിച്ചത്.

മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരിൽ അരങ്ങേറിയത്. മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും സെപ്റ്റംബർ 25ന് അർജുന്റെ മൃതദേഹവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു.കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാർ, സോണർ സിഗ്നൽ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നതിനെത്തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്. എട്ടാം ദിവസമാണ് പുഴയിലേക്ക് തിരച്ചിൽ കേന്ദ്രീകരിക്കുന്നത്. ഇതിനിടയിൽ പല തവണ തിരച്ചിൽ നിർത്തിവെച്ചു.നേവി അടയാളപ്പെടുത്തി നൽകിയ 4 പോയിന്റുകളിൽ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്. ഒരുപിടി സ്വപ്നങ്ങളുമായി ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങിപ്പോയ അർജുൻ 82 രാപകലുകൾക്കിപ്പുറം സെപ്റ്റംബർ 28ന് വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയപ്പോൾ അനേകായിരങ്ങളാണ് വിടനൽകാൻ ഒഴുകിയെത്തിയത്.

Leave a Reply