കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കിയ ശേഷം ഇതുവരെ ഒരു ദുരുപയോഗവും രേഖപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പി.എ.എം) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആക്ടിങ് ഡയറക്ടർ മുഹമ്മദ് അൽമുസൈനി അറിയിച്ചു. ഒരു ലക്ഷത്തിലധികം ഇലക്ട്രോണിക് എക്‌സിറ്റ് പെർമിറ്റുകൾ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികളോ തൊഴിലുടമകളോ അതോറിറ്റിക്ക് പരാതികൾ നൽകുകയാണെങ്കിൽ, ഗവർണറേറ്റുകളിലെ അതോറിറ്റി കേന്ദ്രങ്ങൾ വഴി അവ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തൊഴിലുടമകളിൽ നിന്ന് എക്‌സിറ്റ് പെർമിറ്റ് നേടണമെന്ന് കുവൈത്ത് അടുത്തിടെയാണ് നിയമം കൊണ്ടുവന്നത്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാമ്പത്തികവും നിയമപരവും ഭരണപരവുമായ അവകാശങ്ങളും കടമകളും തീർപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അൽമുസൈനി പറഞ്ഞു. ധാരാളം തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾക്ക് ഈ തീരുമാനം ഏറെ സഹായകരമാണെന്നും, ഇത് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ന്യായമായ കാരണങ്ങളില്ലാതെ തൊഴിലുടമ എക്‌സിറ്റ് പെർമിറ്റ് നൽകാതിരിക്കുകയാണെങ്കിൽ പ്രവാസികൾക്ക് പരാതി നൽകുന്നതിനുള്ള സംവിധാനം ഒരുക്കാൻ പി.എ.എമ്മിന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അൽമുസൈനി വ്യക്തമാക്കി.

