ഒമാനിൽ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്.എസ്.എ.) വ്യക്തമാക്കി.
ഇൻഷുറൻസ് പ്രീമിയം ഉടൻ വർധിപ്പിക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചില ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ പ്രീമിയം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നായിരുന്നു പ്രധാന പ്രചാരണം.
ഇത്തരം വ്യാജ പ്രചാരണങ്ങൾ എഫ്.എസ്.എ. നിരീക്ഷിച്ച് വരികയാണ്. ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് അതോറിറ്റിയെ അറിയിക്കണം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.
കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

