ഒമാൻ സുൽത്താൻ്റെ തുർക്കി സന്ദർശനം പൂർത്തിയായി ; ഇരു രാജ്യവും വിവിധ കാരാറുകളിൽ ഒപ്പ് വെച്ചു
വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയും രണ്ട് ദിവസത്തെ തുർക്കിയ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഒമാനും തുർക്കിയയും തമ്മിൽ പത്ത് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാറുകളിലെത്തിയത്.
സംയുക്ത നിക്ഷേപവും ആരോഗ്യവും സംബന്ധിച്ച രണ്ട് കരാറുകളിലും രാഷ്ട്രീയ ആലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യം, മൃഗം, ജലസമ്പത്ത്, തൊഴിൽ, സംരംഭകത്വം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള എട്ട് ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്.
റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ക്രിയാത്മകമായ ചർച്ചകളിലും കൂടിയാലോചനകളിലും സുൽത്താൻ ഹൈതം ബിൻ താരിഖ് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഫലപ്രദമായ സഹകരണത്തിനുള്ള സുപ്രധാന മാതൃകയാണ് ഞങ്ങളുടെ ബന്ധങ്ങൾ. സുൽത്താനേറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പിന്തുണക്കുന്നതിൽ തുർക്കിയ കമ്പനികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. തുർക്കിയിലെ ഒമാനി നിക്ഷേപങ്ങൾ തുർക്കി സമ്പദ്വ്യവസ്ഥയുടെ ശക്തിയിലും ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ഒന്നിപ്പിക്കുന്ന സൃഷ്ടിപരമായ ബന്ധത്തിലുള്ള ഉറച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുതാണെന്ന് സുൽത്താൻ പറഞ്ഞു.