ഒമാൻ എയർ 2024ലെ വേനൽക്കാല ഫ്‌ളൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ടു. പ്രാദേശിക, ഗൾഫ്, അറബ്, ഫാർ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40 ഓളം സർവീസുകളാണ് നടത്തുക. പ്രാദേശിക സർവീസുകളിൽ മസ്‌കത്ത് – സലാല റൂട്ടിൽ പ്രതിവാരം ശരാശരി 24 ഫ്‌ളൈറ്റുകളും മസ്‌കത്ത് – ഖസബ് റൂട്ടിൽ പ്രതിവാരം ശരാശരി ആറ് ഫ്‌ളൈറ്റുകളും ഉൾപ്പെടുമെന്ന് കമ്പനി സൂചിപ്പിച്ചു. ഗൾഫ്, അറബ് ഫ്‌ളൈറ്റുകളിൽ ദുബൈ, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈൻ, അമ്മാൻ എന്നിവയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കെയ്റോ, സാൻസിബാർ/ദാറുസ്സലാം എന്നിവയും ഉൾപ്പെടുമെന്നും അറിയിച്ചു.
മസ്‌കത്തിൽ നിന്ന് ഫാർ ഈസ്റ്റിലേക്കുള്ള ഒമാൻ എയറിന്റെ നേരിട്ടുള്ള സർവീസുകളിൽ അഞ്ച് ലക്ഷ്യസ്ഥാനങ്ങളാണ് ഉൾപ്പെടുന്നതെന്ന് കമ്പനി പറഞ്ഞു. ബാങ്കോക്ക്, ക്വാലാലംപൂർ, ഫൂക്കറ്റ്, ജക്കാർത്ത, മനില എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ നടക്കുക. ലണ്ടൻ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, ഇസ്താംബുൾ, ട്രാബ്‌സൺ, മോസ്‌കോ എന്നിവയുൾപ്പെടെ യൂറോപ്പിലേക്കും ഒമാൻ എയർ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

