മസ്കത്ത് : ഒമാനിൽ വിളകൾ നശിപ്പിക്കുകയും തേനീച്ചകളെ തിന്നു തീർക്കുകയും ചെയ്യുന്ന പക്ഷികളെ നിയന്ത്രിക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി അടുത്തമാസം മുതൽ ദേശീയ കാമ്പയിൻ സംഘടിപ്പിക്കും. മൈന, കാക്ക, പ്രാവ് എന്നെ പക്ഷികളാണ് പ്രധാനമായും പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്നത്. ഇത്തരം പക്ഷികളുടെ പ്രജനനം വർധിക്കുന്നതായി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. രോഗങ്ങൾ പരത്തുന്നത്തിലും മൈന, കാക്ക, പ്രാവ് എന്നിവ പ്രധാനം പങ്ക് വഹിക്കുന്നുണ്ട് അധികൃതർ പറഞ്ഞു.
1982 ലാണ് മസ്കത്തിലെ ഒമാനിൽ ആദ്യത്തെ മൈനയെ കണ്ടത്. പിന്നീടങ്ങോട്ട് മൈനകൾ വ്യാപകമാവുകയായിരുന്നു. ചില മേഖലകളിൽ കൂട്ടങ്ങളായാണ് മൈനകൾ കാണപ്പെടുന്നത്. വിളകൾ മുഴുവൻ തിന്നു തീർക്കുന്നതിനാൽ മനുഷ്യർക്ക് ഇവ ഭീഷണിയായി മാറി. സസ്യങ്ങളും പ്രകൃതിദത്തമായി വളരുന്ന ചെടികളും വിത്തുകളും തിന്ന് നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാവുമെന്ന് കണ്ടെത്തിയിരുന്നു. ഇവ മറ്റു പക്ഷികളുടെ കൂട് ആക്രമിക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്യാറുണ്ട്.കഴിഞ്ഞ ഏപ്രിലിലാണ് മൈനയടക്കമുള്ള പക്ഷികളുടെ വ്യാപനത്തെ കുറിച്ച് പഠനം നടത്തിയത്.
പരിസ്ഥിതി അതോറിറ്റി അന്താരാഷ്ട്ര പക്ഷിഗവേഷകരുമായി സഹകരിച്ച് ഇവയെ നേരിടാനുള്ള പദ്ധതിയും തയാറാക്കിക്കഴിഞ്ഞു. ഇന്ത്യ, ചൈന, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ, ഇന്തോനേഷ്യ എന്നിവയാണ് മൈനയുടെ ഉറവിടരാജ്യങ്ങൾ. ഇവക്ക് 22 മുതൽ 25 സെൻറീമീറ്റർ വരെ നീളവും ചിറകുകൾക്ക് 36.5 സെൻറീമീറ്റർ വീതിയുമുണ്ടാവും. 2000ൽ അന്താരാഷ്ട്രതലത്തിൽ 100 ഇനം പക്ഷികൾ അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ മൈനയും ഉൾപ്പെടും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മൈനകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തിറങ്ങുന്നത്.ഒമാനിൽ പ്രാവുകളും വ്യാപകമായി വർധിക്കുന്നുണ്ട്. ഇത് താമസയിടങ്ങളിലെ എ.സി കൂടുകളിലും മറ്റും താമസിക്കുന്നതും മുട്ടയിട്ട് പെരുകുന്നതും താമസക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇവയുടെ വിസർജ്യവും മറ്റും നഗരത്തിന്റെ ശുചിത്വത്തെയും ബാധിക്കുന്നുണ്ട്.ഏതാനും വർഷങ്ങൾക്ക് മുമ്പ് അപൂർവമായി കണ്ടെത്തിയിരുന്ന കാക്കകളും ഒമാനിൽ വർധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവക്കെതിരെയും അധികൃതർ നടപടികൾ ആരംഭിച്ചേക്കും
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

