ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.  പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എല്ലാത്തരത്തിലുള്ള സന്ദർശകരും എത്തുന്ന പൊതുഇടങ്ങളാണ് ബീച്ച് പാർക്കുകളെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ഇടങ്ങൾ പുക, അഴുക്ക് എന്നിവ മൂലം മലിനമാക്കരുതെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ഇത്തരം ഇടങ്ങളുടെ നിർമ്മലത കാത്ത് സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി ആവശ്യമായ നിരീക്ഷണം, മറ്റു നടപടികൾ എന്നിവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനാൽ ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കാനും, ഇത്തരം ഇടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കുന്നത് തടയുന്നതിനായി നിർമ്മിച്ചിട്ടുള്ള തടസങ്ങൾ മറികടക്കരുതെന്നും മുനിസിപ്പാലിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബീച്ച് പാർക്കുകളിലും, കടലോരങ്ങളിലും വാഹനങ്ങൾ ഓടിക്കുന്നത് താഴെ പറയുന്ന ദൂഷ്യഫലങ്ങൾക്കിടയാക്കുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വാഹനങ്ങൾ ഉണ്ടാക്കുന്ന വലിയ ശബ്ദമലിനീകരണം ഇത്തരം ഇടങ്ങളിലെ ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എത്തുന്ന സന്ദർശകർക്ക് അലോസരം സൃഷ്ടിക്കുമെന്നും, അവർക്ക് ആകുലത ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
  • വാഹനങ്ങളിൽ നിന്നുള്ള പുക, മറ്റു മാലിന്യങ്ങൾ എന്നിവ ഇത്തരം ഇടങ്ങളിലെ അന്തരീക്ഷം മലിനമാക്കുമെന്നും, കടൽ ജീവികളെ ദോഷകരമായി ബാധിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
  • ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് സന്ദർശകർക്ക് അപകടങ്ങൾ ഉണ്ടാകാനിടയാക്കുമെന്ന് അധികൃതർ അറിയിച്ചു.
  • ഇത്തരം തെറ്റായ പ്രവണതകൾ 1111 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply