രാജ്യത്തെ തൊഴിൽ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) വഴി ശമ്പളം വിതരണം ചെയ്യാൻ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ വീണ്ടും ഉണർത്തി തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിലെ 98,922 സ്ഥാപനങ്ങളാണ് ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിൽ 24,943 എണ്ണം മാത്രമേ ഡബ്ല്യു.പി.എസ് വഴി വേതനം വിതരണം ചെയ്യുന്നുള്ളു. സർവിസ് സസ്പെൻഷനും പിഴകളും ഒഴിവാക്കാൻ എല്ലാ ബിസിനസ് ഉടമകളും ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്യുകയും ഇതുവഴി ശമ്പളം വിതരണം ചെയ്യുകയും വേണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യ.പി.എസ്) വഴി ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. നിശ്ചിത തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കി മൂന്നുദിവസത്തിനുള്ളില്‍ ഇനി ബാങ്കുകള്‍ വഴി ശമ്പളം കൈമാറണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തേ ഏഴ് ദിവസം വരെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കുക, തൊഴിൽ കരാറിൽ സമ്മതിച്ചതുപോലെ തൊഴിലുടമകൾ കൃത്യസമയത്ത് വേതനം കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡബ്ല്യ.പി.എസിലൂടെ ലക്ഷ്യമിടുന്നത്.
ഡബ്ല്യു.പി.എസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 186,817 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായും അറിയിച്ചിരുന്നു.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

