ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ 13മത് പതിപ്പിന് ഉജ്ജ്വല തുടക്കം. 181.5 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യഘട്ടത്തിൽ ടീം ജേക്കേ അൽ ഊലയുടെ ഓസിസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം നേടി. നാല് മണിക്കൂറും 23 മിനിറ്റും 18 സെക്കൻഡും എടുത്താണ് ഇദ്ദേഹം വിജയ കിരീടമണിഞ്ഞത്. ബ്രയാൻ കോക്വാർഡ് രണ്ടും ഓസ്കാർ ഫെൽഗി ഫെർണാണ്ടസ് മൂന്നും സ്ഥനത്തെത്തി.
ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്ന് രാവിലെ 11.20ന് തുടങ്ങിയ മത്സരം മനയിലെ വിലായത്തിൽനിന്ന് വാലിടെ ഓഫിസ്, സാകിത് റൗണ്ട് എബൗട്ട് വഴി ഇസ്കിയിലെ വിലായത്ത്, റുവാദ് അൽ ഇബ്ദാ സ്കൂൾ, അൽ ഹമീദ, അൽ ഖര്യതയ്ൻ, വാദി അനദം, അൽ ആലിയ, അൽ മസാലിഹ് റോഡുകളിലൂടെ സമായിൽ വിലായത്ത്, മസ്കത്ത് ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്ത് എന്നീ സ്ഥലങ്ങളിലൂടെ കടന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ പരിസരത്താണ് സമാപിച്ചത്. മത്സരാർഥികൾ കടന്നുപോയ വഴികളിലൂടെ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമായ ഇന്ന് മസ്കത്തിലെ അൽ സിഫിൽ നിന്നാണ് മത്സരം ആരംഭിച്ചത്. 170.5 കിലോമീറ്റർ പിന്നിട്ട് മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഖുറിയാത്തിൽ സമാപിക്കും. തിങ്കളാഴ്ച ബിദ് ബിദിൽനിന്ന് ആരംഭിച്ച് 169.5 കിലോമീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവത നിരകളിലെ അൽ ഹംറയിൽ അവസാനിക്കും. അഞ്ച് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ പുരോഗമിക്കുക. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്നത്. അഞ്ച് ദിവസങ്ങളായി 867 കിലോ മീറ്ററായിരിക്കും മത്സരാർഥികൾ താണ്ടുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

