ഗാസയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനിയും ഫോണിൽ സംസാരിച്ചു. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണം,സാധാരണക്കാരായ ആളുകളുടെ മരണം, ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളുടെ നാശം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറി.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും ജനങ്ങൾക്ക് അടിയന്തര ജീവിത സാമഗ്രികൾ എത്തിക്കുന്നതിനും സുപ്രധാന സൗകര്യങ്ങൾ നൽകുന്നതിനുമുള്ള ചുമതലകൾ നിർവഹിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന് ഇരു മന്ത്രിമാരും ആവശ്യപ്പെട്ടു. അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് നയതന്ത്ര, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ഗാസയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി യോകോ കാമികാവയുമായും ഫോണിൽ സംസാരിച്ചു. മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ സിവിലിയൻ മരണങ്ങൾ തടയുന്നതിനും ഗാസയിൽ അടിയന്തര കരാർ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും സംസാരിച്ചു. ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര നിയമങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പലസ്തീൻ പ്രശ്നത്തിന് അന്തിമവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

